The Bible Software
സംഖ്യാപുസ്തകം · ബൈബിൾ (മലയാളം)

സംഖ്യാപുസ്തകം 36

1യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്ന് മോശെയുടെയും യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്:

2“യിസ്രായേൽ മക്കൾക്ക് ദേശം ചീട്ടിട്ട് അവകാശമായി കൊടുക്കുവാൻ യഹോവ യജമാനനോട് കല്പിച്ചു; ഞങ്ങളുടെ സഹോദരനായ സെലോഫെഹാദിൻ്റെ അവകാശം അവന്‍റെ പുത്രിമാർക്ക് കൊടുക്കുവാൻ യജമാനന് യഹോവയുടെ കല്പന ഉണ്ടായി.

3എന്നാൽ അവർ യിസ്രായേൽ മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ ആർക്കെങ്കിലും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടു പോകുകയും അവർ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോട് കൂടുകയും ചെയ്യും; ഇങ്ങനെ അത് ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയിൽനിന്ന് പൊയ്പോകും.

4യിസ്രായേൽ മക്കളുടെ യോബേൽസംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോട് ചേരുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിൻ്റെ അവകാശത്തിൽനിന്ന് വിട്ടു പോകുകയും ചെയ്യും.”

5അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽ മക്കളോട് കല്പിച്ചത്: “യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞത് ശരി തന്നെ.

6യഹോവ സെലോഫെഹാദിൻ്റെ പുത്രിമാരെക്കുറിച്ച് കല്പിക്കുന്ന കാര്യം എന്തെന്നാൽ: ‘അവർ അവർക്ക് ബോധിച്ചവർക്ക് ഭാര്യമാരായിരിക്കട്ടെ; എങ്കിലും അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്ക് മാത്രമേ ആകാവൂ.’

7യിസ്രായേൽ മക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറരുത്; യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവനവന്‍റെ പിതൃഗോത്രത്തിൻ്റെ അവകാശത്തോട് ചേർന്നിരിക്കേണം;

8യിസ്രായേൽ മക്കളിൽ ഓരോ വ്യക്തിയും അവന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന് യിസ്രായേൽമക്കളിലെ ഏതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുവന് ഭാര്യയാകേണം.

9അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്ക് മാറാതെ യിസ്രായേൽ മക്കളുടെ ഗോത്രങ്ങളിൽ ഓരോ വ്യക്തിയും അവന്‍റെ അവകാശത്തോട് ചേർന്നിരിക്കേണം.”

10യഹോവ മോശെയോട് കല്പിച്ചതുപോലെ സെലോഫെഹാദിൻ്റെ പുത്രിമാർ ചെയ്തു.

11സെലോഫെഹാദിൻ്റെ പുത്രിമാരായ മഹ്ലാ, തിർസ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ പുത്രന്മാർക്ക് ഭാര്യമാരായി.

12യോസേഫിന്‍റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകുകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിൻ്റെ ഗോത്രത്തിൽതന്നെ ഇരിക്കുകയും ചെയ്തു.

13യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെമുഖാന്തരം യിസ്രായേൽ മക്കളോട് കല്പിച്ച കല്പനകളും വിധികളും ഇവ തന്നെ.

← സംഖ്യാപുസ്തകം 35Read In The App, Free →Deuteronomy 1 →

Study സംഖ്യാപുസ്തകം 36

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536