The Bible Software
വെളിപ്പാട് · Sathyavedapusthakam (Malayalam Bible)

വെളിപ്പാട് 11

1പിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കയ്യിൽ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക.

2ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.

3അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.

4അവർ ഭൂമിയുടെ കൎത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.

5ആരെങ്കിലും അവൎക്കു ദോഷം ചെയ്‌വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവൎക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.

6അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവൎക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.

7അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.

8അവരുടെ കൎത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.

9സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.

10ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.

11മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഊന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീൎന്നു —

12ഇവിടെ കയറിവരുവിൻ എന്നു സ്വൎഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വൎഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.

13ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വൎഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.

14രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.

15ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കൎത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീൎന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വൎഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.

16ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു:

17സൎവ്വശക്തിയുള്ള കൎത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.

18ജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാൎക്കും വിശുദ്ധന്മാൎക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാൎക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.

19അപ്പോൾ സ്വൎഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

← വെളിപ്പാട് 10Read In The App, Free →വെളിപ്പാട് 12 →

Study വെളിപ്പാട് 11

KJVMatthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122