The Bible Software
2 രാജാക്കന്മാർ · സത്യവേദപുസ്തകം

2 രാജാക്കന്മാർ 14

1യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു രാജാവായി.

2അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ.

3അവൻ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതു പോലെ ഒക്കെയും അവൻ ചെയ്തു.

4എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.

5രാജത്വം അവന്നു സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.

6എന്നാൽ പുത്രന്മാർക്കും പകരം പിതാക്കന്മാരും പിതാക്കന്മാർക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.

7അവൻ ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.

8ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.

9അതിന്നു യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതു: ലെബാനോനിലെ മുൾപ്പടർപ്പു ലെബാനോനിലെ ദേവദാരുവോടു: നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.

10എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടിൽ ഇരുന്നുകൊൾക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നതു എന്തിന്നു? എന്നാൽ അമസ്യാവു കേട്ടില്ല.

11ആകയാൽ യിസ്രായേൽ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.

12യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.

13അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.

14അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമർയ്യയിലേക്കു മടങ്ങിപ്പോയി.

15യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

16പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമർയ്യയിൽ യിസ്രായേൽരാജാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.

17യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.

18അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

19യെരൂശലേമിൽ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവൻ ലാഖീശിലേക്കു ഔടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.

20അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.

21യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസർയ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.

22രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.

23യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി ശമർയ്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.

24അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.

25ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.

26യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,

27യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.

28യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

29യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖർയ്യാവു അവന്നു പകരം രാജാവായി.

← 2 രാജാക്കന്മാർ 13Read In The App, Free →2 രാജാക്കന്മാർ 15 →

Study 2 രാജാക്കന്മാർ 14

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425