The Bible Software
യോഹന്നാന്‍ · സത്യവേദപുസ്തകം

യോഹന്നാന്‍ 12

1യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.

2അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ ആയിരുന്നു.

3അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.

4എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കർയ്യോത്താവു:

5ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.

6ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.

7യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

8ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.

9അവൻ അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവൻ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.

10അവൻ ഹേതുവായി അനേകം യെഹൂദന്മാർ ചെന്നു

11യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു.

12പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു

13ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.

14യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.

15“സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതകൂട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

16ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കും ഔർമ്മ വന്നു.

17അവൻ ലാസരെ കല്ലറയിൽ നിന്നു വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.

18അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.

19ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

20പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഉണ്ടായിരുന്നു.

21ഇവർ ഗലീലയിലെ ബേത്ത് സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനോടു: യജമാനനേ, ഞങ്ങൾക്കു യേശുവിനെ കാണ്മാൻ താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.

22ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.

23യേശു അവരോടു ഉത്തരം പറഞ്ഞതു: മനുഷ്യപുത്രൻ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.

24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.

25തന്റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും; ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ നിത്യജീവന്നായി സൂക്ഷിക്കും.

26എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും.

27ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.

28പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:

29അതുകേട്ടിട്ടു അരികെ നിലക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലർ ഒരു ദൈവദൂതൻ അവനോടു സംസാരിച്ചു എന്നു പറഞ്ഞു.

30അതിന്നു യേശു: ഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.

31ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.

32ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു.

33ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.

34പുരുഷാരം അവനോടു: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രൻ ആർ എന്നു ചോദിച്ചു.

35അതിന്നു യേശു അവരോടു: ഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയിൽ ഇരിക്കും; ഇരുൾ നിങ്ങളെ പിടിക്കാതിരിപ്പാൻ നിങ്ങൾക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊൾവിൻ. ഇരുളിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.

36നിങ്ങൾ വെളിച്ചത്തിന്റെ മക്കൾ ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.

37ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.

38“കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു.

39അവർക്കും വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു:

40അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”

41യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.

42എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.

43അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.

44യേശു വിളിച്ചു പറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.

45എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.

46എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.

47എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാൻ വന്നിരിക്കുന്നതു.

48എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും.

49ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

50അവന്റെ കല്പന നിത്യജീവൻ എന്നു ഞാൻ അറിയുന്നു; ആകയാൽ ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.

← യോഹന്നാന്‍ 11Read In The App, Free →യോഹന്നാന്‍ 13 →

Study യോഹന്നാന്‍ 12

KJVMatthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesThe Fourfold GospelJohn LightfootGeneva Bible Notes (1599)Robertson's Word PicturesReina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021