The Bible Software
എഫെസ്യർ · Sathyavedapusthakam (Malayalam Bible)

എഫെസ്യർ 5

1ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.

2ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അൎപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.

3ദുൎന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു;

4അങ്ങനെ ആകുന്നു വിശുദ്ധന്മാൎക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേൎച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.

5ദുൎന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവൎക്കു ആൎക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

6വ്യൎത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.

7നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.

8മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കൎത്താവിൽ വെളിച്ചം ആകുന്നു.

9കൎത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.

10സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.

11ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.

12അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.

13അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ.

14അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണൎന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.

15ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.

16ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.

17ബുദ്ധിഹീനരാകാതെ കൎത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.

18വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുൎന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീൎത്തനങ്ങളാലും

19സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കൎത്താവിന്നു പാടിയും കീൎത്തനം ചെയ്തും

20നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

21ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.

22ഭാൎയ്യമാരേ, കൎത്താവിന്നു എന്നപോലെ സ്വന്ത ഭൎത്താക്കന്മാൎക്കു കീഴടങ്ങുവിൻ.

23ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭൎത്താവു ഭാൎയ്യക്കു തലയാകുന്നു.

24എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാൎയ്യമാരും ഭൎത്താക്കന്മാൎക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.

25ഭൎത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാൎയ്യമാരെ സ്നേഹിപ്പിൻ.

26അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും

27കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.

28അവ്വണ്ണം ഭൎത്താക്കന്മാരും തങ്ങളുടെ ഭാൎയ്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാൎയ്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.

29ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലൎത്തുകയത്രേ ചെയ്യുന്നതു.

30നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.

31അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.

32ഈ മൎമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.

33എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാൎയ്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാൎയ്യയോ ഭൎത്താവിനെ ഭയപ്പെടേണ്ടതാകുന്നു.

← എഫെസ്യർ 4Read In The App, Free →എഫെസ്യർ 6 →

Study എഫെസ്യർ 5

KJVMatthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)Robertson's Word PicturesReina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456