The Bible Software
യിരെമ്യാവ് · ബൈബിൾ (മലയാളം)

യിരെമ്യാവ് 28

1ആ ആണ്ടിൽ, യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ, നാലാം ആണ്ടിൽ അഞ്ചാം മാസം, ഗിബെയോന്യനായ അസ്സൂരിന്‍റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിൻ്റെയും മുമ്പിൽവച്ച് എന്നോട് പറഞ്ഞതെന്തെന്നാൽ:

2“യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ബാബേൽരാജാവിന്‍റെ നുകം ഒടിച്ചുകളയുന്നു.

3ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്ന് എടുത്ത് ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങൾ സകലവും ഞാൻ രണ്ടു വർഷത്തിനകം ഈ സ്ഥലത്തേക്ക് മടക്കിവരുത്തും;

4യെഹോയാക്കീമിന്‍റെ മകൻ യെഹൂദാ രാജാവായ യെഖൊന്യാവിനെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്ക് മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്‍റെ നുകം ഒടിച്ചുകളയും” എന്നു യഹോവയുടെ അരുളപ്പാട്.

5അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞത്:

6“ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്ക് മടക്കിവരുത്തുമെന്ന് നീ പ്രവചിച്ച വാക്കുകളെ യഹോവ നിവർത്തിക്കുമാറാകട്ടെ!

7എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്ളുക.

8എനിക്കും നിനക്കും മുമ്പ് പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ, അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനർത്ഥവും മഹാമാരിയും പ്രവചിച്ചു.

9സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ യഥാർത്ഥത്തിൽ യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും” എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു;

10അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്‍റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്,

11സകലജനവും കേൾക്കെ; ‘ഇങ്ങനെ ഞാൻ രണ്ടു വർഷത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ നുകം സകലജനതകളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. യിരെമ്യാപ്രവാചകൻ തന്‍റെ വഴിക്കുപോയി.

12ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്‍റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

13നീ ചെന്നു ഹനന്യാവിനോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന് പകരം നീ ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഉണ്ടാക്കിയിരിക്കുന്നു.”

14എങ്ങനെയെന്നാൽ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; “ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരിമ്പുകൊണ്ടുള്ള ഒരു നുകം ഞാൻ ഈ സകലജനതകളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു.”

15പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട്: “ഹനന്യാവേ, കേൾക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ വ്യാജത്തിൽ ആശ്രയിക്കുമാറാക്കുന്നു.”

16അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു” എന്നു പറഞ്ഞു.

17അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നെ ഏഴാം മാസത്തിൽ മരിച്ചു.

← യിരെമ്യാവ് 27Read In The App, Free →യിരെമ്യാവ് 29 →

Study യിരെമ്യാവ് 28

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)

All Chapters

12345678910111213141516171819202122232425262728293031323334353637383940414243444546474849505152