The Bible Software
1 ദിനവൃത്താന്തം · സത്യവേദപുസ്തകം

1 ദിനവൃത്താന്തം 10

1ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഔടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.

2ഫെലിസ്ത്യർ ശൗലിനെയും മക്കളെയും പിന്തേർന്നു ചെന്നു; ഫെലിസ്ത്യർ ശൗലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മൽക്കീശൂവയെയും വെട്ടിക്കൊന്നു.

3പട ശൗലിന്റെ നേരെ ഏറ്റവും മുറുകി, വില്ലാളികൾ അവനെ കണ്ടു, വില്ലാളികളാൽ അവൻ വിഷമത്തിലായി.

4അപ്പോൾ ശൗൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.

5ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു മരിച്ചു.

6ഇങ്ങനെ ശൗലും മൂന്നു മക്കളും അവന്റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.

7അവർ ഔടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ടു അവർ തങ്ങളുടെ പട്ടണങ്ങളെ വിട്ടു ഔടിപ്പോയി; ഫെലിസ്ത്യർ വന്നു അവയിൽ പാർത്തു.

8പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണു കിടക്കുന്നതു കണ്ടു.

9അവർ അവന്റെ വസ്ത്രാദികൾ ഉരിഞ്ഞു അവന്റെ തലയും ആയുധവർഗ്ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.

10അവന്റെ ആയുധവർഗ്ഗം അവർ തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു; അവന്റെ തലയെ ദാഗോന്റെ ക്ഷേത്രത്തിലും തറെച്ചു.

11ഫെലിസ്ത്യർ ശൗലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോൾ

12ശൂരന്മാരെല്ലാവരും പുറപ്പെട്ടു ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു ഏഴു ദിവസം ഉപവസിച്ചു.

13ഇങ്ങനെ ശൗൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.

14അവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാൽ അവൻ അവനെ കൊന്നു രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന്നു കൊടുത്തു.

← 1 ദിനവൃത്താന്തം 9Read In The App, Free →1 ദിനവൃത്താന്തം 11 →

Study 1 ദിനവൃത്താന്തം 10

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314151617181920212223242526272829