The Bible Software
സങ്കീർത്തനങ്ങൾ · Sathyavedapusthakam (Malayalam Bible)

സങ്കീർത്തനങ്ങൾ 49

1സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.

2സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.

3എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.

4ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായ്ക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേൾപ്പിക്കും.

5അകൃത്യം എന്റെ കുതികാലിനെ പിന്തുടൎന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു?

6അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.

7സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു

8അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആൎക്കും കഴികയില്ല.

9അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.

10ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവൎക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.

11തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങൾ തലമുറതലമുറയായും നില്ക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തൎഗ്ഗതം; തങ്ങളുടെ നിലങ്ങൾക്കു അവർ തങ്ങളുടെ പേരിടുന്നു.

12എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ.

13ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു.സേലാ.

14അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലൎച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാൎപ്പിടം.

15എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.സേലാ.

16ഒരുത്തൻ ധനവാനായിത്തീൎന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വൎദ്ധിച്ചാലും നീ ഭയപ്പെടരുതു.

17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല.

18അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോൾ മനുഷ്യർ നിന്നെ പുകഴ്ത്തും.

19അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവർ ഒരുനാളും വെളിച്ചം കാണുകയില്ല.

20മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.

← സങ്കീർത്തനങ്ങൾ 48Read In The App, Free →സങ്കീർത്തനങ്ങൾ 50 →

Study സങ്കീർത്തനങ്ങൾ 49

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150